നിമിഷപ്രിയയുടെ മോചനം: കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി
ന്യൂഡൽഹി/തൃശൂര്‍: യെമൻ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നഴ്സ് നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ഇതുവരെ എടുത്ത നടപടികൾ അറിയിക്കാൻ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴിയുള്ള ഇടപെടലുകൾ സംബന്ധിച്ച വിവരങ്ങളാണ് കോടതി തേടിയത്. നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗൺസിലിന്റെ ഹര്‍ജി പരിഗണിച്ച ഡിവിഷൻ ബെഞ്ചായ ജസ്റ്റിസ് സുധാൻഷു ധൂലി, ജസ്റ്റിസ് ജോയ്മല്യ ബാഗ്ച്ചി എന്നിവരാണ് ജൂലൈ 14ന് വിശദമായ വാദം കേള്‍ക്കുമെന്ന് അറിയിച്ചത്. ഹര്‍ജിയുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കാനും കോടതി നിർദേശിച്ചു. മൂലധന ശിക്ഷ ഈ മാസം 16ന് നടപ്പിലാക്കാൻ സാധ്യതയുള്ളതിനാൽ അടിയന്തര നയതന്ത്ര ഇടപെടലിനാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമുണ്ട്. അതിനിടെ, യെമനിലുള്ള നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വീഡിയോ കോളിലൂടെ സംസാരിച്ചു. നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി തോമസുമായി തന്നെ സന്ദര്‍ശിച്ച ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ഫോണിലാണ് നിമിഷപ്രിയയുടെ അമ്മയുമായി ഗവര്‍ണര്‍ സംസാരിച്ചത്. ഗവര്‍ണര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ പ്രേമകുമാരി, മകളുടെ ജീവന് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. പ്രേമകുമാരിയെ ആശ്വസിപ്പിച്ച ഗവര്‍ണര്‍, എല്ലാ വഴിക്കും ശ്രമിക്കുന്നുണ്ടെന്നും പല തട്ടിലുള്ളവരുമായി ആശയവിനിമയം നടത്തിവരികയാണെന്നും അറിയിച്ചു. ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. ഈ പരിശ്രമങ്ങള്‍ക്കെല്ലാം ദൈവത്തിന്റെ സഹായമുണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിനായി ചാണ്ടി ഉമ്മന്‍ എംഎല്‍എയും അമ്മ മറിയാമ്മയും തന്നെ വന്നു കണ്ട കാര്യവും ഗവര്‍ണര്‍ പ്രേമകുമാരിയെ അറിയിച്ചു.